Wednesday, November 11, 2009

ഞാന്‍ ബ്ലോഗ് നിര്‍ത്തുകയാണ്.

പ്രിയപ്പെട്ട എന്റെ ബ്ലോഗ് സുഹൃത്തുക്കളേ

വാര്‍ദ്ധക്യം ഒരു അവസ്ഥയാണ്. ഒന്നിനും പറ്റാതെ ഒരു പരാന്നഭോജിയെപ്പോലെ ഇങ്ങനെ ജീവിക്കുന്നത് കഷ്ടമാണ്.

ബ്ലോഗില്‍ എന്റെ അറിവുകള്‍ പങ്കുവെച്ച് ലോകനന്മയില്‍ ഭാഗഭാക്കാവാം എന്നു വിചാരിച്ചുപോയി. അത് ഒരബദ്ധമായിരുന്നൂ എന്ന് നിങ്ങളുടെ വിനീതവിധേയന്‍ തിരിച്ചറിയുന്നു. ഇന്നത്തെ തലമുറയ്ക്ക് ഒന്നും കേള്‍ക്കാനും മനനം ചെയ്യാനും സമയമില്ല. പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നില്ലെന്നതോ പോട്ടെ, കളിയാക്കലാണ്. എന്നിട്ട് ഞാന്‍ അയാളാണ്, ഇയാളാണ് എന്ന മട്ടിലുള്ള പ്രചരണവും. ഈ അപമാനമൊക്കെ ഒരുപക്ഷേ എന്റെ വിധിയായിരിക്കാം. സാരമില്ല, ഞാന്‍ എല്ലാം ക്ഷമിക്കുന്നു. ആരോടും ഒരു പരാതിയും എനിക്കില്ല. ഒന്നിനോടും ഒരു പരാതിയുമില്ല. നിങ്ങള്‍ക്കെല്ലാം നല്ലതുവരട്ടെ എന്നുമാത്രം ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. ഇനിയും ഇതൊന്നും സഹിക്കാ‍നുള്ള ആ‍വത് എനിക്കില്ല.

ബ്ലോഗിലെ കുത്തുവാക്കുകള്‍ കണ്ടു മനം നൊന്ത് എന്റെ ഉറക്കത്തിന്റെ താളം നഷ്ടപ്പെട്ടു. ഉത്കണ്ഠാകുലയായ ചെറുമകളാണ് ഡോക്ടറെ വിളിച്ചോണ്ടു വന്നത്. ഈ പ്രായത്തില്‍ ഇനി കമ്പ്യൂട്ടറില്‍ ഊന്നും തൊടണ്ടാ എന്ന് ഡോക്ടര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഞാന്‍ എന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ജി.മെയില്‍, തുടങ്ങിയ എക്കൌണ്ടുകളും ഡിലീറ്റ് ചെയ്യുന്നു. ബ്ലോഗ് ഇഷ്ടപ്പെട്ടുപോയി, അതുകൊണ്ട് ഡിലീറ്റ് ചെയ്യാന്‍ മനസുവരുന്നില്ല. എങ്കിലും ഞാന്‍ ഇനി ഇങ്ങോട്ടില്ല.

ഒരിക്കല്‍ക്കൂടി, നിങ്ങള്‍ക്കു നല്ലതുവരട്ടെ. വിട.

സ്വന്തം വിനീതവിധേയന്‍,


കെ.ആര്‍. സോമശേഖരന്‍
റിട്ട. ഹെഡ് ക്ലര്‍ക്ക്,
മാങ്കോയിക്കല്‍ വലിയവീട്,
കോഞ്ഞമ്പാലം പി.ഒ, ഒറ്റപ്പാലം,
പാലക്കാട്.

Thursday, November 5, 2009

ഉണ്മ

എന്തെല്ലാം കണ്ടു
എവിടെല്ലാം അലഞ്ഞു
ഒടുവില്‍ കൂടണയുമ്പോള്‍
എന്റെ കുഞ്ഞുമോളാണെന്റെ തണല്‍